
തക്കാളിയും വഴുതനയും പച്ചമുളകും ഉള്‍പ്പെടുന്ന സൊളാനേസ്യ കുടുംബത്തിന്റെ പ്രധാന പ്രശ്‌നമാണ് വാട്ടരോഗം. വെള്ളം കുറഞ്ഞതാണ് വാടിയതിന് കാരണമെന്നു കരുതി തുടര്‍ച്ചയായി നനച്ചാലൊന്നും ഈ രോഗത്തില്‍നിന്ന് രക്ഷയില്ല.
പലപ്പോഴും നന്നായി കായ്ച്ചുകൊണ്ടിരിക്കുന്ന അവസരത്തിലായിരിക്കും ബാക്ടീരിയന്‍ വാട്ടം ഇവരെ കൂട്ടത്തോടെ ആക്രമിക്കുക.
വേരുകളിലെ ചെറിയ മുറിവുകളിലൂടെ റാസല്‍റ്റോണിയ എന്ന ബാക്ടീരിയ ചെടിക്കകത്ത് കയറുന്നതാണ് പ്രശ്‌നത്തിന്റെ തുടക്കം. അകത്ത് കയറിക്കൂടിയാല്‍ ഇത് പെട്ടെന്ന് പെരുകും. വെള്ളവും പോഷകമൂലകങ്ങളും മുകളിലെത്തിക്കുന്ന നാളികളില്‍ക്കയറി തടസ്സം സൃഷ്ടിക്കുകയാണ് റാസല്‍േറ്റാണിയയുടെ പ്രധാന വൃകൃതി. തടസ്സം രൂക്ഷമാകുന്നതിന്റെ അടയാളപ്പെടുത്തലാണ് വിളകളിലെ വാട്ടം.
മാവ് ഉള്‍പ്പെടെയുള്ള ഫലവൃക്ഷങ്ങളുടെ ഗ്രാഫ്റ്റ് തൈകള്‍ നമുക്ക് സുപരിചിതം. ഉത്പാദനവര്‍ധനയും വാട്ടരോഗത്തെ ചെറുക്കലും ഒത്തിണക്കാന്‍ പച്ചണികളിലെ ഗ്രാഫ്റ്റിങ്ങിലൂടെ സാധിക്കുമെന്ന് കേരള കാര്‍ഷികസര്‍വകലാശാലയിലെ ശാസ്ത്രജ്ഞര്‍ തെളിയിച്ചിരിക്കുന്നു. കരുത്തുറ്റ വേരുപടലവും രോഗപ്രതിരോധശേഷിയുമുള്ള ഇനങ്ങളാണ് മാതൃസസ്യമായി തിരഞ്ഞെടുക്കുക. തക്കാളിയും വഴുതനയും ഒട്ടിച്ചെടുക്കുന്നത് 'ചുണ്ട'യിലാണ്. വാട്ടരോഗത്തെയും നിമാവിരയെയും ചെറുക്കാന്‍ കഴിയുന്നതും ഉറച്ച വേരുപടലവും ചുണ്ടയുടെ മാതൃത്വത്തിന് ശക്തിയേകുന്നു.
അത്യുത്പാദനശേഷിയുള്ള സങ്കരയിനം തൈകളാണ് ചുണ്ടയില്‍ ഒട്ടിച്ചെടുക്കുന്നത്. ഇതിന് ചുണ്ടയെയും ഒട്ടിക്കാനുദ്ദേശിക്കുന്ന സങ്കരയിനം തക്കാളിയുടെയും തൈകള്‍ പ്രത്യേകം വിത്തുപാകി തയ്യാറാക്കണം. മുളയ്ക്കാന്‍ പ്രയാസമുള്ളതിനാല്‍ ചുണ്ടവിത്ത് ആദ്യം പാകാം. 20 ദിവസത്തിനുശേഷം സങ്കരയിനം തക്കാളിവിത്ത് പാകണം. അടുത്ത മൂന്നാഴ്ചകൊണ്ട് ചുണ്ടയും തക്കാളിയും 12 സെന്റിമീറ്റര്‍വരെ ഉയരം വെച്ച് ഒപ്പത്തിനൊപ്പമാകും. ഇനിയാണ് ഒട്ടിക്കല്‍.
ചുണ്ടത്തൈകളുടെ കടഭാഗം 5 സെന്റിമീറ്റര്‍ ഉയരത്തില്‍ നിര്‍ത്തി മേല്‍ഭാഗം മുറിച്ചുമാറ്റണം. സങ്കരയിനം തൈകള്‍ 'ഢ' ആകൃതിയില്‍ മൂര്‍ച്ചയുള്ള ബ്ലേയ്ഡ് ഉപയോഗിച്ച് മുറിക്കണം. ചുണ്ട ത്തൈകളുടെ മുറിച്ച ഭാഗത്ത് നെടുകെ നാലു സെന്റിമീറ്റര്‍ നീളത്തില്‍ പിളര്‍പ്പുണ്ടാക്കി അതില്‍ മുറിച്ചെടുത്ത സങ്കരയിനം തക്കാളിത്തൈ ഇറക്കിവെക്കുക.
തക്കാളിയും ചുണ്ടയും ചേര്‍ന്നിരിക്കാന്‍ അമര്‍ന്നുപോകാത്ത ക്ലിപ്പ് ഇടാം. ഇനി ഒരാഴ്ച മിസ്റ്റ് ചേമ്പറിലും അടുത്ത ഒരാഴ്ച പോളിഹൗസിലും വളര്‍ത്തി ക്ലിപ്പ് നീക്കം ചെയ്യണം. കരുത്തുറ്റ വേരുപടലത്തോടും വാട്ടരോഗ പ്രതിരോധശേഷിയോടും േചര്‍ന്ന അത്യുത്പാദനശേഷിയുള്ള തക്കാളിത്തൈ തയ്യാറായിക്കഴിഞ്ഞു.
പച്ചമുളകില്‍ നാടന്‍ മുളകിനങ്ങളെ മാതൃസസ്യമാക്കാം. പ്രത്യേക പരിചരണമില്ലെങ്കിലും കരുത്തോടെ വളരുന്ന ചുരയ്ക്കയാണ് വെള്ളരി വര്‍ഗ വിളകളായ തണ്ണിമത്തന്റെയും കയ്പയുടെയും കുമ്പളത്തിന്റെയും നല്ല അമ്മ.
നമുക്കാവശ്യമായ സങ്കരയിനം വിത്തുകള്‍ ലഭ്യമാക്കിയാല്‍ മണ്ണുത്തി കാര്‍ഷികഗവേഷണകേന്ദ്രത്തില്‍നിന്ന് പച്ചക്കറി ഒട്ടുതൈകള്‍ ആവശ്യാനുസരണം വിതരണം ചെയ്യുന്നതിനുള്ള സംവിധാനം നിലവിലുണ്ട്.
കൂടുതല്‍ വിവരങ്ങള്‍ക്ക് ഫോണ്‍: 0487 2370726
Source :http://www.mathrubhumi.com/agriculture/story-492863.html
No comments:
Post a Comment