
സപ്തംബര്‍ മുതല്‍ ജനവരി വരെയുള്ള കാലമാണ് തൈകള്‍ മുളപ്പിക്കാന്‍ യോജിച്ചത്. നന്നായി കായ്ഫലം തരുന്ന കുരുമുളക് ചെടിയുടെ പാര്‍ശ്വഭാഗത്തേക്ക് വളരുന്ന ശാഖകള്‍ 4-5 മുളകള്‍ കിട്ടുന്നവിധത്തില്‍ മുറിച്ചെടുത്ത് പോളിത്തീന്‍ സഞ്ചികളില്‍ നിറച്ച പോര്‍ട്ടിങ് മിശ്രിതത്തില്‍ രണ്ട് - മൂന്ന് മുട്ട് മണ്ണില്‍ താഴുംവിധത്തില്‍ നടാം. തണ്ടുചീയ്യല്‍ രോഗം നിയന്ത്രിക്കുന്നതിന് ട്രൈകോഡെര്‍മ ഒരു ഗ്രാം എന്ന തോതിലും മൈക്കോസൈ 100 സി.സി. ക്രമത്തിലും പോര്‍ട്ടിങ് മിശ്രിതത്തില്‍ ചേര്‍ക്കണം. പാര്‍ശ്വശാഖകള്‍ മുറിച്ചെടുത്തശേഷം 1000 പി.പി.എം. ഇന്‍ഡോര്‍ ബ്യൂട്ടിക്ക് ആസിഡ് ലായനിയില്‍ 45 സെക്കന്‍ഡ് മുക്കിയ ശേഷമാണ് പോളിത്തീന്‍ സഞ്ചികളില്‍ നടേണ്ടത്.
ഒരു സഞ്ചിയില്‍ മൂന്നോ, നാലോ തണ്ടുകള്‍ നടാം. കുറച്ചുമാത്രം തൈകള്‍ ഉണ്ടാക്കുമ്പോള്‍ ഐ.ബി.എ. ലായനിക്ക് പകരം സെറാഡിക്‌സ് ബി.2 എന്ന വേര് ഹോര്‍മോണ്‍ ഉപയോഗിക്കാവുന്നതാണ്. നടുമ്പോള്‍ ഒന്നോ രണ്ടോ ഇലകള്‍ തണ്ടില്‍ നിലനിര്‍ത്താന്‍ ശ്രദ്ധിക്കണം. ആവശ്യാനുസരണം തണല്‍ നല്‍കുകയും നനയ്ക്കുകയും വേണം.
വര്‍ഷകാലം ആരംഭിക്കുന്നതോടെ മണ്‍ചട്ടികളിലേക്കോ, സിമന്റ് ചട്ടികളിലേക്കോ, മണ്ണിലേക്കോ, മാറ്റി നടാം. ചട്ടികളിലാണ് നടുന്നതെങ്കില്‍ 1:1:1 എന്ന അനുപാതത്തില്‍ മേല്‍മണ്ണ്, ചാണകപ്പൊടി, മണല്‍ ഇവ ചേര്‍ന്ന പോര്‍ട്ടിങ് മിശ്രിതം കൊണ്ട് ചട്ടി നിറയ്ക്കണം. തൈ ചീയല്‍ രോഗത്തിനെതിരെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ചട്ടികളില്‍ വെള്ളം കെട്ടിനില്‍ക്കാതെ ശ്രദ്ധിക്കണം. വേനല്‍ക്കാലത്ത് തണല്‍ വേണം. വെള്ളവും മൂന്ന് മാസത്തിലൊരിക്കല്‍ 50 ഗ്രാം മണ്ണിരകമ്പോസ്റ്റോ 100 ഗ്രാം ചാണകപൊടിയോ 15 ഗ്രാം കടലപ്പിണ്ണാക്കോ, 35 ഗ്രാം വേപ്പിന്‍പിണ്ണാക്കോ നല്‍കണം. ഇതിനോടൊപ്പം 10-4-14 രാസവളമിശ്രിതം 30 ഗ്രാം ക്രമത്തില്‍ ചെടി ഒന്നിന് നല്‍കണം.
താണുകിടക്കുന്ന തലകള്‍ മുറിച്ചുമാറ്റണം. രണ്ട് വര്‍ഷത്തിലൊരിക്കല്‍ ചട്ടിമാറ്റി നിറയ്ക്കുന്നത് നല്ലതാണ്. ശരിയായ രീതിയിലുള്ള പരിചരണമുറകള്‍ അനുവര്‍ത്തിക്കുകയാണെങ്കില്‍ ഒന്നാംവര്‍ഷം മുതല്‍ കായ്പ് തുടങ്ങും. മൂന്നാം വര്‍ഷം മുതല്‍ ഒരു കി.ഗ്രാം ഉണക്ക ക്കുരുമുളക് ലഭിക്കും. ചട്ടികളില്‍ വളര്‍ത്തുന്ന ഇത്തരം ചെടികള്‍ക്ക് രോഗങ്ങളും കീടങ്ങളും പൊതുവേ കുറവാണ്
Source :http://www.mathrubhumi.com/agriculture/story-417842.html
No comments:
Post a Comment