Thursday, February 12, 2015

വാഴപോളയിലെ ഫൈബര്‍ നാരുകള്‍

വാഴപോളയിലെ ഫൈബര്‍ നാരുകള്‍
വിദേശ നാണ്യം നേടിത്തരുന്ന പല കൗതുക വസ്തുക്കള്‍ ഉണ്ടാക്കുന്നതിലേയും അസംസ്കൃത വസ്തുവായി ഉപയോഗിക്കാവുന്നതെങ്കിലും ആ മൂല്യ വര്‍ദ്ധിത ശ്ര...േണീയിലെ കച്ചവടം അത്രകണ്ട് പച്ച പിടിച്ചതായി കാണുന്നില്ല. ഇവ കൊണ്ടുണ്ടാക്കാവുന്ന വസ്ത്രങ്ങള്‍, കര്‍ട്ടണുകള്‍, ഏപ്രണുകള്‍, തകിടികള്‍, കാര്‍പെറ്റുകള്‍, പേഴ്സുകള്‍, ഹാന്‍ഡ് ബാഗുകള്‍,മാല, കമ്മല്‍, വള മുതലായവ, പ്രകൃതി ദത്തമായ വര്‍ണ്ണങ്ങളുമായി ചേര്‍ത്താല്‍ യൂറോപ്പ്യന്‍ രാജ്യങ്ങളില്‍ വന്‍ ഡിമാന്‍ഡും വിലയുമുളളത് ആകും. അത് നിമ്മിക്കാനാവശ്യമായ സസ്യജന്യമായ ഫൈബറുകള്‍ക്ക് ഇപ്പോഴേ നല്ല സ്കോപ്പുണ്ടെങ്കിലും, നാം മലയാളികള്‍ക്ക് പണി ചെയ്യാനിഷ്ടമില്ലാത്തതു മാത്രമാകാം അതിനത്ര പ്രചാരം കിട്ടാതേ പോകുന്നത്. തികച്ചും സസ്യ ജന്യമായതിനാല്‍ വാഴനാര് പട്ടുനൂലിനേക്കാല്‍ വെല്ലുന്നതെന്ന് ഇക്കാലത്ത് പലരാലും പറയപ്പെടുന്നു.
ചില ക്ഷേത്രകലകളിലേ കിരീടങ്ങളിലും, കൃത്രിമ താടികളിലും മറ്റും പണ്ടേ വാഴനാരുകള്‍ ഉപയോഗിക്കുന്നുണ്ട്. ക്ഷേത്രങ്ങളില്‍ മാല കെട്ടാനും വളരെക്കാലം മുന്‍പേ വാഴനാര്‌ ഉപയോഗിച്ചു വരുന്നുണ്ട്.
നിലവില്‍, ചെറുകിട വ്യവസായികള്‍ പിന്തുടരുന്ന സാങ്കേതിക വിദ്യയില്‍ വാഴയുടെ പോളയോട് ചേര്‍ന്നുള്ള ഉണങ്ങിയ നാര്. വാഴപ്പോളകള്‍ കീറി ഉണക്കിയും വാഴനാര് തയ്യാറാക്കുന്നു.ഒന്നോ രണ്ടോ പുറം പോളകള്‍ നീക്കം ചെയ്ത് ബാക്കിയുള്ള പോളകള്‍ ഇളക്കി ഏകദേശം അര മീറ്റര്‍ നീളത്തില്‍ മുറിച്ച്; ഇരുമ്പുകൊണ്ട് നിര്‍മ്മിച്ച പ്രത്യേകതരം ആയുധം കൊണ്ട് ബലമായി ചീകി നാര്‌ വേര്‍പെടുത്തി എടുക്കുന്നു. പോളകളുടെ അകവശമാണ്‌ ഇത്തരത്തില്‍ ചീകുന്നത്. ഇങ്ങനെ വേര്‍തിരിച്ച് എടുത്തിരിക്കുന്ന നാരുകള്‍ തണലത്ത് നിരത്തി ഉണക്കി സൂക്ഷിക്കുന്നു.
കയറിനെപ്പോലെ വാഴനാരിലും നിറം പിടിപ്പിക്കാം. ഒരു കിലോ നാരില്‍ ഏകദേശം 25 ഗ്രാം മുതല്‍ 30 ഗ്രാം വരെ നിറം വേണ്ടിവരുമെന്നാണ് പറയപ്പെടുന്നത്. നാര്‌ നിറം ചേര്‍ക്കുന്നതിന്‌ രണ്ട് മണിക്കൂര്‍ മുന്‍പ് വെള്ളത്തിലിട്ടു വയ്ക്കുന്നു. അതിനുശേഷം വെള്ളത്തില്‍ നിന്നും എടുത്ത്; നാര്‌ മുങ്ങിക്കിടക്കാന്‍ പാകത്തില്‍ നിറം ചേര്‍ത്ത വെള്ളത്തില്‍ ഇട്ടു രണ്ടു മണിക്കൂര്‍ ചൂടാക്കുന്നു. അതില്‍ നിന്നും പുറത്തെടുത്ത് വീണ്ടും വെള്ളത്തില്‍ കഴുകി തണലത്ത് ഉണക്കാന്‍ ഇടുന്നു.
ചില പത്ര വാര്‍ത്തകള്‍ കാണൂ:-
തൃശ്ശൂര്‍: വാഴനാര്‌ സംസ്കരണത്തിന്‌ പരിശീലനം തൃശ്ശൂരിലെ കണ്ണാറ വാഴ ഗവേഷണകേന്ദ്രത്തിലും ഖാദി ആന്‍ഡ് വില്ലേജ് ഇന്‍ഡസ്റ്റ്റീസിലും നല്‍കപ്പെടുന്നുണ്ട്.താല്‍കാലിക ആവശ്യങ്ങളില്‍ കയറിനു പകരം വാഴനാരുപയോഗിക്കാറുണ്ട്.
തൂത്തുക്കുടി: പട്ടുനൂലിനോടു വാഴനാരു ചേര്‍ത്തപോലെ എന്നിനി പറയേണ്ടിവരില്ല. പട്ടുനൂല്‍പുഴുവില്‍ നിന്നും ലഭിക്കുന്ന പട്ടിനെ വെല്ലുന്ന നൂലു വാഴനാരില്‍ നിന്നും ഉണ്ടാക്കാനുള്ള സാങ്കേതികവിദ്യ തൂത്തുകുടിയിലെ മെക്കാനിക്കല്‍ എഞ്ചിനീയറായ കെ.മുരുഗന്‍ വികസിപ്പിച്ചെടുത്തിരിക്കുന്നു. വാഴനൂല്‍പട്ടുകൊണ്ടുള്ള സാരിയും ഷര്‍ട്ടും മുണ്ടുമൊക്കെ അധികം വൈകാതെ വിപണിയിലെത്തും.
മുരുകന്‍ വര്‍ഷങ്ങള്‍ നീണ്ട പ്രയത്‌നത്തിനോടുവിലാണു വാഴനാരിനെ പട്ടുനൂലാക്കുന്ന വിദ്യ വികസിപ്പിച്ചെടുത്തത്‌. 2006ല്‍ വാഴത്തടയില്‍ നിന്നും നാരുകള്‍ വേര്‍പെടുത്തിയെടുക്കാനുള്ള യന്ത്രസംവിധാനം രൂപകല്‌പന ചെയ്‌തെടുത്തു. അതിനു മദ്രാസ്‌ ഐ.ഐ.ടിയുടെ അവാര്‍ഡും ലഭിച്ചു. 2012ല്‍ ആറുവര്‍ഷത്തെ കാത്തിരിപ്പിനുശേഷം യന്ത്രത്തിനു പേറ്റന്റും ലഭിച്ചു.
പന്ത്രണ്ടായിരത്തിലധികം ഹെക്‌ടര്‍ സ്ഥലത്താണു തൂത്തുകുടിയില്‍ വാഴകൃഷി നടത്തുന്നത്‌. കുലവെട്ടിയശേഷം ഉപേക്ഷിക്കുന്ന വാഴത്തടകള്‍ എങ്ങനെയാണു പ്രയോജനപ്പെടുത്തുക എന്ന ചിന്തയില്‍ നിന്നാണു മുരുകന്റെ വാഴനൂല്‍പട്ട്‌ എന്ന ആശയം ഉരുത്തിരിഞ്ഞത്‌. വര്‍ഷങ്ങളുടെ ഗവേഷണ-പഠനങ്ങള്‍ക്കൊടുവില്‍ ആ സ്വപ്‌നം യാഥാര്‍ത്ഥ്യമാക്കാന്‍ മുരുഗനു കഴിഞ്ഞു.
വാഴനാരുകള്‍ യന്ത്രമുപയോഗിച്ചു വേര്‍പെടുത്തിയശേഷം വിവിധ രാസപ്രക്രിയകളിലൂടെ അവയെ നൂലാക്കി മാറ്റുന്നു. യഥാര്‍ത്ഥ പട്ടിനോട്‌ ഈടിലും ഉറപ്പിലും മൃദുലതയിലുമെല്ലാം കിടപിടിക്കുന്നതാണു വാഴനൂല്‍പട്ട്‌. ഇതൊരു മഹത്തായ കണ്ടുപിടിത്തമാണെന്നു ഡല്‍ഹി ഐ.ഐ.ടിയിലെ ടെക്‌സ്റ്റൈല്‍ ടെക്‌നോളജി വകുപ്പു തലവന്‍ ഡോ.ദേവ്‌ പുര തൂത്തുക്കുടി സന്ദര്‍ശനവേളയില്‍ പറഞ്ഞു. മുരുഗന്റെ പട്ടു പരിശോധിച്ചു സര്‍ട്ടിഫിക്കറ്റ്‌ നല്‌കുകയും ചെയ്‌തു അദ്ദേഹം.
ഡല്‍ഹിയിലെ ഡിപ്പാര്‍ട്ടുമെണ്ട്‌ ഓഫ്‌ ബയോടെക്‌നോളജിയില്‍ നിന്നും പച്ചക്കൊടി ലഭിച്ചാല്‍ വ്യാവസായികാടിസ്ഥാനത്തിലുള്ള ഉത്‌പാദനം ആരംഭിക്കുമെന്നു മുരുഗന്‍ പറഞ്ഞു. ഒരു വര്‍ഷം 60 ലക്ഷം വാഴത്തടകള്‍ ഉപയോഗപ്പെടുത്താന്‍ തന്റെ മെഷീനു കഴിയുമെന്നും ഒരു വാഴത്തടയില്‍ നിന്നുള്ള നാരുകൊണ്ടു രണ്ടു സാരികള്‍ നെയ്‌തെടുക്കാമെന്നും അദ്ദേഹം പറഞ്ഞു. പരിസ്ഥിതി സൗഹൃദപരമായതും പ്രകൃതിദത്ത ചായങ്ങള്‍ക്കു തികച്ചും ഇണങ്ങുന്നതുമായ ഈ പട്ടിനു വന്‍തോതില്‍ ആവശ്യക്കാരുണ്ടാകുമെന്നാണു കരുതുന്നത്‌. മുന്‍ തമിഴ്‌നാടു മുഖ്യമന്ത്രി കരുണാനിധിക്കു മുരുഗന്‍ ഇത്തരത്തിലുള്ള ഷാളും കുപ്പായവും സമ്മാനിക്കുകയുണ്ടായി.
തിരുവനന്തപുരം: വ്യവസായികാടിസ്ഥാനത്തില്‍ വാഴനാര് ഉല്പാദിപ്പിക്കാന്‍ തിരുവനന്തപുരം നിസ്റ്റ് (നാഷണല്‍ ഇന്‍സ്റ്റിറ്റിയൂട്ട് ഫോര്‍ ഇന്‍റര്‍ ഡിസിപ്ലിനറി സയന്‍സ് ആന്‍ഡ് ടെക്‌നോളജി)യും ഒരു പുതിയ സാങ്കേതികവിദ്യ വികസിപ്പിച്ചതായി പറയുന്നു
മഞ്ചേരി: മലപ്പുറം ജന്‍ ശിക്ഷണ്‍ സന്‍സ്ഥാന്റെ സഹകരണത്തോടെ കാവനൂര്‍ പഞ്ചായത്തിലെ മാടാരുകുണ്ടില്‍ വാഴനാര് ഉല്‍പാദക കേന്ദ്രം ആരംഭിച്ചു. വാഴനാരിലെ മാലിന്യങ്ങള്‍ സംസ്‌കരിച്ചെടുത്ത് ഫൈബര്‍ ആക്കി പരിവര്‍ത്തിപ്പിക്കുന്ന കേന്ദ്രമാണിത്. തൊപ്പി, പേഴ്‌സ്, ബാഗ്, ഫ്‌ളവര്‍വേയ്‌സ് തുടങ്ങിയ കരകൗശല വസ്തുക്കളുടെ നിര്‍മാണത്തിനുള്ള അസംസ്‌കൃത വസ്തുവായി ഈ ഫൈബര്‍ ഉപയോഗിക്കുന്നു. സമൂഹത്തിലെ പിന്നാക്കം നില്‍ക്കുന്ന കുടുംബങ്ങളെ ഉയര്‍ത്തിക്കൊണ്ടുവരാന്‍ നിരവധി സംരംഭങ്ങളാണ് ജെ.എസ്.എസ്സിനു കീഴില്‍ നടത്തുന്നത്.

Source:https://www.facebook.com/groups/krishibhoomi/

No comments:

Post a Comment