Monday, February 2, 2015

ശുചിത്വമുള്ള കൃഷി

ഈ കൃഷിയിടത്തില്‍ മാലിന്യമെല്ലാം ശേഖരിച്ച് വളമാക്കുന്നു. വെള്ളവും വളവും വളരെക്കുറച്ചേ ഉപയോഗിക്കുന്നുള്ളൂ. ഹൈടെക് രീതി പിന്തുടരുന്ന രജനി ജയദേവിന്റെ കൃഷി വിശേഷങ്ങള്‍

കൃഷിയിലും ശുചിത്വം വേണം. കൃഷിയിടവും ശുദ്ധമാക്കി വെക്കണം. അങ്ങനെ കൃഷിചെയ്ത കര്‍ഷകയ്ക്ക് ഇത്തവണ ശുചിത്വമിഷന്റെ അവാര്‍ഡും കിട്ടി.

ആലപ്പുഴ ജില്ലയില്‍ മാവേലിക്കര ഭരണിക്കാവ് ഗ്രാമപ്പഞ്ചായത്തിലെ പാറേക്കാട്ട് ഫാം നടത്തുന്ന രജനി ജയദേവാണ് ഇത്തരം വേറിട്ട വഴിയിലൂടെ സഞ്ചരിക്കുന്നത്. 16 വര്‍ഷം കെല്‍ട്രോണിലെ ഇലക്‌ട്രോണിക് എന്‍ജിനീയറായും 10 വര്‍ഷം വിദേശത്തും ജോലിചെയ്ത രജനിയിപ്പോള്‍ മുഴുവന്‍സമയ കര്‍ഷകയായിരിക്കുന്നു.

വീട്ടില്‍ അമ്മ തനിച്ചായപ്പോള്‍ ജോലി മതിയാക്കി വിദേശത്തുനിന്ന് തിരിച്ചെത്തി പതുക്കെ കൃഷിയിലേക്ക് തിരിഞ്ഞതാണ്. അഞ്ചുവര്‍ഷംകൊണ്ട് പ്രമുഖ കര്‍ഷകരുടെ ഗണത്തില്‍ കൃഷിവകുപ്പ് രജനി ജയദേവിനെയും ഉള്‍പ്പെടുത്തിക്കഴിഞ്ഞിരിക്കുന്നു. കൃഷിയുമായി യാതൊരു മുന്‍പരിചയവുമില്ലാതെ കുടുംബത്തിനുണ്ടായിരുന്ന അഞ്ച് ഏക്കര്‍ ഭൂമിയിലാണ് രജനിയുടെ കൃഷി പരീക്ഷണങ്ങള്‍.

ഇന്റര്‍നെറ്റ്‌വഴി പുതിയ കൃഷിരീതിയില്‍ ആകൃഷ്ടയായി. കൃഷിവകുപ്പിന്റെ സഹായത്തോടെ ആരംഭിച്ച ഓപ്പണ്‍ പ്രസിഷന്‍ എന്ന സങ്കേതമാണ് കൃഷിയില്‍ തുടരാന്‍ ധൈര്യം നല്‍കിയത്. തുടര്‍ന്ന് പോളിഹൗസും മഴമറ കൃഷിയും ആരംഭിച്ചു. അഞ്ച് ഏക്കറില്‍ ഇപ്പോള്‍ ഇല്ലാത്ത കൃഷിയൊന്നുമില്ല. ശീതകാലത്ത് ശൈത്യകാല പച്ചക്കറികള്‍ മിക്കതും കൃഷിചെയ്യുന്നു. നാടന്‍ പച്ചക്കറികള്‍ പാവലും പടവലവും പയറും വെള്ളരിയും ലോക്കിയും കോവലും വഴുതനയും വെണ്ടയും മുളകും എന്നുവേണ്ട ഉരുളക്കിഴങ്ങും ഉള്ളിയുംവരെ നീളുന്നു പച്ചക്കറികൃഷി.

ചേനയും ചേമ്പും കാച്ചിലും കിഴങ്ങും മരച്ചീനിയും അടക്കമുള്ള ഇടവിളകള്‍. 200ല്‍ അധികം തെങ്ങ്, കവുങ്ങ്, കുരുമുളക്, പുളി എന്നിവ സ്ഥിരം കൃഷികള്‍. വാഴയുടെ ഒട്ടുമിക്ക ഇനങ്ങളും കൃഷിചെയ്യുന്നു. 50 സെന്റില്‍ നെല്ലും എള്ളും കൃഷിയുണ്ട്. പലതരം മാവുകള്‍, നെല്ലി, ആത്ത, പേര തുടങ്ങിയ ഫലവര്‍ഗങ്ങള്‍ നാടന്‍പശു ഒരെണ്ണം. നല്ല ചാണകവും ഗോമൂത്രവും കൃഷിക്ക്. പാല്‍ വീട്ടാവശ്യത്തിന്.

ഇങ്ങനെ കൃഷി പുരോഗമിക്കുമ്പോഴാണ് കൃഷിയിലെ മാലിന്യം ശ്രദ്ധയില്‍പ്പെട്ടത്. ചപ്പുചവറുകള്‍, വാഴ വെട്ടുമ്പോഴുള്ള വാഴത്തടി, പച്ചക്കറി പിഴുതുമാറ്റുമ്പോഴുള്ള വള്ളിയും പടര്‍പ്പുകളും കളകള്‍, കരിയിലകള്‍, തെങ്ങിന്റെ ഓല, മടല്‍, തുടങ്ങി പലതരം കൃഷിമാലിന്യങ്ങള്‍ എങ്ങനെ കൈകാര്യംചെയ്യുമെന്ന അന്വേഷണമാണ് ജില്ലയിലെ ഏറ്റവും ശുചിയുള്ള കൃഷിയിടം എന്ന പുരസ്‌കാരത്തിന് രജനിയെ അര്‍ഹയാക്കിയത്.

ദൈനംദിനമുള്ള കരിയിലകളും ചപ്പുചവറുകളും കൃഷിയിടത്തില്‍ അവിടവിടെ ചെറുകുഴികളെടുത്ത് അതിലേക്ക് വാരിയിടും. ഇടയ്ക്കിടയ്ക്ക് ചാണകം കലക്കി അതിനുമേലേക്ക് ഒഴിക്കും. ക്രമേണ ഈ കുഴികള്‍ ജൈവ അവശിഷ്ടങ്ങള്‍കൊണ്ട് നിറയ്ക്കും. നിറഞ്ഞുകഴിഞ്ഞാല്‍ കുഴിക്കുമീതെ മണ്ണുകൊണ്ട് പുതയിടും. അഞ്ചാറുമാസം കഴിഞ്ഞ് പൊട്ടിച്ചെടുക്കുമ്പോള്‍ ഒന്നാന്തരം തേയിലപ്പൊടി രൂപത്തില്‍ ജൈവവളം കിട്ടും. ധാരാളമായി അത് കൃഷിക്ക് അടിവളമാക്കുന്നു.

മറ്റൊരുരീതി ഇ.എം. കമ്പോസ്റ്റിങ്ങാണ്. വാഴത്തടി വളമാക്കുന്ന വിദ്യയാണത്. വാഴത്തട ചെറുകഷ്ണങ്ങളാക്കി കൂനയാക്കി അതിലും ചാണകസ്ലറി ഒഴിച്ചിട്ട് ഇ.എം. ലായനി പ്രയോഗിക്കും. ഏതാണ്ട് ഒന്ന് ഒന്നര മാസംകൊണ്ട് നല്ല കമ്പോസ്റ്റുവളം തയ്യാറാകും.
സിമന്റ് ടാങ്ക് കെട്ടി കുറേക്കൂടി കട്ടിയുള്ള തെങ്ങിന്റെ ഓല, മടല്‍ തുടങ്ങിയ ജൈവവസ്തുക്കളെ വൂഡ്രില്ലസ് യൂജിനിയേ എന്ന ആഫ്രിക്കന്‍ മണ്ണിരകളെ ഉപയോഗപ്പെടുത്തി 3045 ദിവസംകൊണ്ട് കമ്പോസ്റ്റാക്കുന്നു. ഈ ജൈവവസ്തുക്കളുടെ മുകളിലും ചാണകസ്ലറി ഒഴിക്കും. 8:1 എന്ന അനുപാതത്തിലാണ് ജൈവവസ്തു ചാണകസ്ലറി പ്രയോഗം.

തീര്‍ന്നില്ല, അടുക്കള മാലിന്യം ബയോഗ്യാസ് പ്ലാന്റുപയോഗിച്ച് പാചക ഇന്ധനമാക്കിയും സ്ലറി കൃഷിക്ക് വളമാക്കിയും ഉപയോഗപ്പെടുത്തുന്നു.

െൈഹടക് കൃഷിയുടെ ജലസേചന സംവിധാനംവഴി വെള്ളവും വെള്ളത്തോടൊപ്പം നല്‍കുന്ന വളങ്ങളും ചെടിയുടെ വേരുപടലങ്ങളിലേക്ക് തുള്ളി തുള്ളിയായി വീഴുന്നത് അപ്പാടെ വിളകള്‍ വലിച്ചെടുക്കുന്നതിനാല്‍ മണ്ണ് മലിനപ്പെടുന്നില്ല.

ഓപ്പണ്‍ രീതിയിലുള്ള ഹൈടെക് കൃഷിയില്‍ വാരങ്ങളിലാണ് കൃഷിയൊക്കെയും. വാരങ്ങളില്‍ മാത്രമാണ് ഇഷ്ടാനുസരണമുള്ള ജൈവവള പ്രയോഗം അടിവളമായി ചേര്‍ക്കുന്നത്. അതുകൊണ്ടുതന്നെ ജൈവവളത്തിന്റെ അളവും കുറച്ചുമതി.(ഫോണ്‍: 9995407891)
 
 
 
Source :http://www.mathrubhumi.com/agriculture/story-519638.html

No comments:

Post a Comment