Monday, February 2, 2015

താരമായി അലവിയുടെ കുറ്റിക്കുരുമുളക്‌

 
 
 
 

കല്പറ്റ: സ്വദേശത്തു മാത്രമല്ല, വിദേശത്തും മാട്ടില്‍ അലവിയുടെ കുറ്റിക്കുരുമുളക് താരമാകുന്നു. കുഞ്ഞന്‍ കുരുമുളകിന് വലിപ്പം കുറവാണെങ്കിലും എരിവില്‍ മുമ്പനാണ് അലവിയുടെ സ്വന്തം കുഞ്ഞന്‍ കുരുമുളക്.

ബാല്‍ക്കണിയിലും ടെറസ്സിലും വീട്ടുമുറ്റത്തും വേണമെങ്കില്‍ വീടിനകത്തും യഥേഷ്ടം വളര്‍ത്താം. വയനാട് പുഷ്പമേളയില്‍ പന്നിയൂര്‍, കരിമുണ്ട, കൊറ്റനാടന്‍ ഇനങ്ങളും പൂപ്പൊലിയില്‍ പൊന്‍മണി ഇനവും അലവി പ്രദര്‍ശിപ്പിച്ചിരുന്നു.

പെപ്പര്‍ കൊളബ്രീനം എന്ന ചെടിയില്‍ ഗ്രാഫ്റ്റ് ചെയ്താണ് കുറ്റിക്കുരുമുളക് തയ്യാറാക്കുന്നത്. അത്യത്പാദനശേഷിയുള്ള വള്ളിയില്‍ നിന്ന് കന്നിത്തല എടുത്ത് അത് വേരുപിടിപ്പിക്കണം. ഒരു വര്‍ഷം പ്രായമായ തത്തപ്പച്ച നിറമുള്ള തല വേണം ഉപയോഗിക്കാന്‍. തെറാഡിക്‌സ്-ബി റൂട്ട് ഹോര്‍മോണാണ് വേരുപിടിപ്പിക്കാന്‍ പ്രയോഗിക്കുന്നത് ഹോര്‍മോണില്‍ മുക്കിയ വള്ളി കൂടയില്‍ വെച്ച് 60 ദിവസം വേരുപിടിപ്പിക്കും. പിന്നീട് ചട്ടിയിലേക്കു മാറ്റുകയാണ് ചെയ്യുന്നത്. അലവി സ്വന്തമായി പരീക്ഷിച്ചതാണ് ഈ വിദ്യ. ഇത് കുരുമുളകിനെ ബാധിക്കുന്ന വിവിധ രോഗങ്ങളില്‍ നിന്നും രക്ഷിക്കുന്നു.

രാസവളത്തിലും ജൈവവളത്തിലും വളരുന്ന കുറ്റിക്കുരുമുളകില്‍ വര്‍ഷം മുഴുവനും വിളവുണ്ടാകും. ജൈവവളം മാത്രം ഉപയോഗിക്കുന്നതാണ് നല്ലതെന്ന് അലവി പറയുന്നു. അഞ്ചര മാസത്തിനുള്ളില്‍ വിളവു ലഭിക്കും. ഒരു ചെടിയില്‍ നിന്ന് ഒരു കിലോ കുരുമുളകുണ്ടാകും.
റബ്ബറിന്റെയും തെങ്ങിന്റെയും ഇടവിളയായും കുറ്റിക്കുരുമുളക് വളര്‍ത്താം. ജില്ലയില്‍ നൂറ്്കണക്കിന് പേര്‍ അലവിയില്‍ നിന്ന് പരിശീലനം നേടി. നാട്ടില്‍ നിന്നു മാത്രമല്ല യു. കെ., കാനഡ എന്നിവിടങ്ങളിലുള്ളവരും കുറ്റിക്കുരുമുളക് ഉത്പാദിപ്പിക്കാനുള്ള വിദ്യ പഠിക്കാനെത്തി. അലവിയുടെ ഫോണ്‍: 9645339156

Source:http://www.mathrubhumi.com/agriculture/story-519642.html

No comments:

Post a Comment