Friday, May 22, 2015

കുരുമുളകുമരവുമായി കർഷകശാസ്ത്രജ്ഞൻ

കുരുമുളകുമരവുമായി കർഷകശാസ്ത്രജ്ഞൻ


by ഡോ.ജി. എസ്. മധു

george-peppar
ജോർജ് പുളിയന്മാക്കൽ താൻ ഉരുത്തിരിച്ചെടുത്ത കുരുമുളകിനു സമീപം.
 
പശ്ചിമഘട്ടമലകളിലൊന്നിന്റെ തെക്കേ ചെരുവിലെ അഞ്ചേക്കർ പുരയിടം. കൃഷി ചെയ്യാൻ കൊള്ളില്ലെന്നു പലരും പറഞ്ഞ ആ ഭൂമിയെ വിളവൈവിധ്യത്തിന്റെ പൂങ്കാവനമാക്കിയിരിക്കുകയാണ് ഇടുക്കി വണ്ണപ്പുറം പഞ്ചായത്തിലെ വെണ്മണി പുളിയന്മാക്കൽ ജോർജ്. മണ്ണിലെ വർഗ സങ്കരണ പരീക്ഷണങ്ങളിലൂടെ ഇദ്ദേഹം രൂപം നൽകിയ സിയോൺ മുണ്ടി എന്ന കുരുമുളക് ഇനത്തിനു സവിശേഷതകളേറെ.
തണലിലും മെച്ചപ്പെട്ട വിളവ് തരുന്നതിനൊപ്പം ദ്രുതവാട്ടത്തെ പ്രതിരോധിക്കുകയും ചെയ്യുന്ന ഈ ഇനം ജോർജിനെ ഇന്നവേഷൻ ഫൗണ്ടേഷന്റെ ദേശീയ അവാർഡിന് അർഹനാക്കി. കർഷക കണ്ടുപിടിത്തത്തിനു ഫൗണ്ടേഷൻ ഏർപ്പെടുത്തിയ അവാർഡ് കഴിഞ്ഞ മാസം രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ രാഷ്ട്രപതി പ്രണബ് മുഖർജിയിൽ നിന്നു ജോർജ് ഏറ്റുവാങ്ങി.
ഈ കൃഷിയിടത്തിലെ പ്രധാന വിള കുരുമുളകാണ്. ജോർജിന്റെ കൂടുതൽ ഗവേഷണങ്ങളും കുരുമുളകിൽ തന്നെ. മലമ്പ്രദേശത്ത് ഇടതൂർന്ന വൃക്ഷങ്ങളുടെ തണലിലും മെച്ചപ്പെട്ട വിളവു തരുന്ന കുരുമുളകിൽ കാറ്റിലൂടെയും പരാഗണം നടക്കുമെന്ന് ജോർജ് പറയുന്നു.
(മഴയിലൂടെയാണ് പ്രധാനമായും പരാഗണം) ഒരേ താങ്ങുമരത്തിൽ ഇവ രണ്ടും നട്ടുവളർത്തി രണ്ടിനങ്ങളും ചേര്ന്നു വരുന്ന തിരികളിൽ, നീലമുണ്ടിയുടെ മണി മുളപ്പിച്ചാണ് സിയോൺ മുണ്ടി ഇദ്ദേഹം ഉരുത്തിരിച്ചെടുത്തത്. മെതിച്ചെടുക്കാനുള്ള എളുപ്പം, കൂടിയ തിരിനീളം, മണിവലുപ്പം, നല്ല കറുപ്പ് നിറം, നല്ല എരിവ്, കൂടുതൽ തൈലം, ഉണങ്ങി കഴിയുമ്പേൾ ലഭിക്കുന്ന തൂക്കത്തിന്റെ ഉയർന്ന തോത് എന്നിവയും സിയോൺ മുണ്ടി കുരുമുളകിന്റെ സവിശേഷതകളാണ്.
ജോർജിന്റെ കൃഷിയിടത്തിലെ മാസ്റ്റർ പീസ് ഇനം കുരുമുളകു മരങ്ങളാണ്. താങ്ങുമരമില്ലാതെ സ്വതന്ത്രമായി വളരുന്ന ബ്രസീലിയൻ തിപ്പലി പാകത്തിന് ഉയരത്തിൽ (5.6 അടി) വട്ടം മുറിച്ച് സിയോൺ മുണ്ടി കൊടിയുടെ വശങ്ങളിലേക്ക് വളരുന്ന തല ഗ്രാഫ്റ്റു ചെയ്താണ് കുരുമുളകു മരമാക്കുന്നത്. ഇതിന്റെ ചുവട്ടിൽ നിന്നു കൊണ്ടുതന്നെ കുരുമുളകു പറിച്ചെടുക്കാം. പ്രതിരോധശേഷി കൂടുതലുള്ള ബ്രസീലിയൻ തിപ്പലിയിൽ വളരുന്നതിനാൽ രോഗ,കീടബാധ കുറവാണെന്ന മെച്ചവുമുണ്ട്. രണ്ടുവർഷത്തിനുള്ളിൽ വിളവെടുക്കാനാവും. കുരുമുളകുവള്ളിയെ മരമാക്കുന്ന ഈ ജോർജിയൻ കൃഷിരീതി ഇന്ന് ഏറെപ്പേർ അനുവർത്തിക്കുന്നു.
ഇവിടെ കുരുമുളകുമരങ്ങൾ മാത്രമല്ല മരങ്ങളിൽ പടർത്തുന്ന കുരുമുളകു കൊടികളുമുണ്ട് രണ്ടായിരത്തിലേറെ. ഇവയുടെ താങ്ങുമരങ്ങൾ ഫലവൃക്ഷങ്ങളും ഒൗഷധവൃക്ഷങ്ങളും ആണെന്നുമാത്രം. ഔഷധവൃക്ഷങ്ങളും ആണെന്നുമാത്രം. ഔഷധവൃക്ഷങ്ങളിൽ അശോകം, കുമ്പിൾ, നീർമരുത്, പലകപ്പയ്യാനി തുടങ്ങിയവയും ഫലവൃക്ഷങ്ങളിൽ പ്ലാവുമാണ് പ്രധാനം. ആയിരത്തിലധികം പ്ലാവുകളിൽ കുരുമുളകു കൊടികൾ പടർന്നു കിടക്കുന്നത് ജോർജിന്റെ പുരയിടത്തിൽ കാണാം.
പ്ലാവുകളുമായി ജോർജിന് അഭേദ്യ ബന്ധമാണുള്ളത്. വീടിന്റെ മുറ്റത്തു പടർന്നു പന്തലിച്ചു നിൽക്കുന്ന ഒരു പ്ലാവുണ്ട്. അതിൽ വർഷത്തിൽ 365 ദിവസവും വിളഞ്ഞു കിടക്കുന്ന ഉണ്ടച്ചക്കകളും. ചക്ക മടലുമുൾപ്പെടെ അരിഞ്ഞതും പൊടിയരിയും വേവിച്ച്, ആഫ്രിക്കൽ പായലും ചേർത്താണ് ജോർജിന്റെ പശുക്കളുടെയും പന്നികളുടെയും കോഴികളുടെയും മീനുകളുടെയും പ്രധാന ആഹാരം.
georges-own-peppar-nursary
ജോർജിൻെറ നഴ്സറി
ആടുകൾക്കു പ്ലാവിലയും. ഏതു മൃഗത്തിന്റെയും ഏറ്റവും പ്രിയപ്പെട്ട ഭോജ്യവസ്തു ചക്കയും പ്ലാവിലയുമാണെന്നു ജോർജ് പറയുന്നു. ജോർജിന്റെ കുടുംബത്തിലെ പ്രധാന ആഹാരവും ചക്കതന്നെ. മാമ്പഴം, മാംഗോസ്റ്റിൻ, റംബൂട്ടാൻ, അത്തി, വെണ്ണപ്പഴം, സ്ട്രോബറി, വിവിധയിനം വാഴകൾ എന്നിവയും ജോർജിന്റെ കൃഷിയിടത്തെ ഫലസമൃദ്ധമാക്കുന്നു. ആദിവാസികളുടെ തനത് ഇനവും രുചികരവുമായ വരിക്കവാഴ, പച്ചച്ചിങ്ങൻ, പൂജകദളി, സുന്ദരിവാഴ, കറക്കണ്ണൻ, പാളയംകോടൻ, റോബസ്റ്റ, ഞാലിപ്പൂവൻ എന്നിവയാണ് ജോർജിന്റെ പുരയിടത്തിലെ വാഴയിനങ്ങൾ.
പുളിയമ്മാക്കലെ മറ്റൊരു സവിശേഷവിളയാണ് ആകാശക്കപ്പ. മറ്റു മരങ്ങളുടെ താങ്ങിൽ ഉയരത്തിലേക്ക് കയറിപ്പോകുന്ന ഈ കപ്പ, വൃക്ഷങ്ങൾക്കിടയിൽ കൃഷി ചെയ്യാം. വാണിജ്യാടിസ്ഥാനത്തിൽ വിജയകരമല്ലെങ്കിലും സ്വന്തം ആവശ്യത്തിനുള്ള പച്ചക്കപ്പ എല്ലാ സമയവും ലഭ്യമാണ്. മരത്തിന്റെ ചുവട്ടിൽനിന്ന് 5-6 അടി അകലത്തിൽ കമ്പി കൊണ്ടോ മുള്ളുകൊണ്ടോ കൊത്തിയിളക്കി ഇതു നടാം. കിളച്ചു മറിക്കുകയോ കൂന കൂട്ടുകയോ ചെയ്യേണ്ടതില്ല.
നീളമുള്ള (8-10 അടി) കപ്പത്തണ്ടിന്റെ ചുവട് മണ്ണിൽ ഒരിഞ്ചു താഴ്ത്തിവച്ച് മുകൾഭാഗം മരത്തിലേക്ക്് പ്ലാസ്റ്റിക് കയറുപയോഗിച്ച് കെട്ടിക്കൊടുക്കണം. തലപ്പ് പൊട്ടി കൂടുതൽ ഉയരത്തിലേക്ക് വളർന്നു കയറിപ്പോവുന്നതു കാണാം. കിഴങ്ങ് പാകമായിക്കഴിഞ്ഞാൽ ആവശ്യാനുസരണം മാന്തിയെടുക്കാം. കിഴങ്ങെടുക്കുന്നതിന് ഒരു മാസം മുൻപ് അൽപം കുമ്മായം ഇട്ടുകൊടുക്കുന്നത് ചിലപ്പോൾ ഉണ്ടായേക്കാവുന്ന കയ്പ് ഒഴിവാക്കാമെന്ന് ജോർജ് പറയുന്നു.
കുരുമുളക് കൂടാതെ ഏലം, ജാതി, ഗ്രാമ്പൂ, കറുവ തുടങ്ങിയ സുഗന്ധവിളകളും കൃഷി ചെയ്യുന്നുണ്ട്. ഒന്നാന്തരം മ്യൂസിയം കൂടിയാണ് പുരയിടം. വാണിജ്യാടിസ്ഥാനത്തിൽ കൃഷി ചെയ്യുന്ന ചെങ്ങഴിനീർ കിഴങ്ങ് ,ചെത്തിക്കൊടുവേലി, ചിറ്റരത്ത (രാസ്ത) എന്നിവയ്ക്കു പുറമേ ശതാവരി, അമൃത്, കാട്ടുകിരിയാത്ത്, പനിക്കൂർക്ക, അണലി വേഗം, തിപ്പലി, മഞ്ഞപ്പിത്തത്തിനുള്ള അപൂർവ ഔഷധസസ്യങ്ങൾ എന്നിവയും ജോർജിന്റെ പുരയിടത്തിലുണ്ട്.
പശു, ആട്, കോഴി, താറാവ്, വാത്ത, ടർക്കി, ഗിനി എന്നിവയെ കൂടാതെ പുരയിടത്തിലെ ഒന്നിലധികം കുളങ്ങളിലായി നാടൻ മുഷി, തിലോപ്പിയ, കട്ല, രോഹു, ഗ്രാസ് കാർപ്പ് തുടങ്ങിയ മത്സ്യങ്ങളെയും ജോർജ് വളർത്തുന്നു.
നടീൽവസ്തുക്കൾ ഉൽപാദിപ്പിക്കുന്ന നഴ്സറിയും ജോർജിനുണ്ട്. വേരു പിടിപ്പിച്ച കുരുമുളകു വള്ളികളാണ് പ്രധാനം ഇനം. ഒരു കൊടിയിൽനിന്നും ഒരേ സമയം മുളകും തൈകളും(മുകളിലേക്കു കയറുന്ന കൂടുതൽ തലപ്പുകൾ ഉണ്ടാക്കി) ഉൽപാദിപ്പിക്കാൻ കഴിയുന്ന നൂതന സാങ്കേതിക വിദ്യയാണ് ഇവിടെ നടപ്പാക്കിയിരിക്കുന്നത്.
ജോർജിലെ കർഷകനെയും ഗവേഷകനെയും തേടി ഒട്ടേറെ അംഗീകാരങ്ങൾ എത്തുന്നു. മികച്ച പട്ടികവർഗ കർഷകനുള്ള സംസ്ഥാന സർക്കാരിന്റെ കർഷകജ്യോതി അവാർഡ് 2003-’04 വർഷത്തിൽ ജോർജിനായിരുന്നു. കാർഷിക സർവകലാശാലയുടെ കണ്ണൂർ കൃഷി വിജ്ഞാനകേന്ദ്രം 2008ൽ കർഷക ശാസ്ത്രജ്ഞൻ അവാർഡു നൽകി ആദരിച്ചു. ജൈവകൃഷിക്കായി വിവിധ ഏജൻസികൾ ഏർപ്പെടുത്തിയ സംസ്ഥാന തല അവാർഡുകളും ലഭിച്ചിട്ടുണ്ട്.
ഫോൺ : 8111915160


Source :http://www.manoramaonline.com/environment/green-heroes/george-agriculture-scientist.html

Thursday, May 21, 2015

ജാതിത്തറവാട്ടിലെ കേരളശ്രീ




മലപ്പുറം കരുവാരക്കുണ്ടിലെ മാത്യു സെബാസ്റ്റ്യനും കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രവും കൈകോര്‍ത്തപ്പോള്‍ വാണിജ്യകൃഷിക്ക് പറ്റിയൊരു മുന്തിയ ഇനം ജാതി ഉരുത്തിരിഞ്ഞുഐ.ഐ.എസ്.ആര്‍. കേരളശ്രീ.

ഇതുവരെയുള്ള ജാതിക്കഥകളെയെല്ലാം പിന്നിലാക്കാന്‍ പോന്ന ജാതകവിശേഷങ്ങളുള്ള ഇനം. കരുവാരക്കുണ്ടില്‍ കണ്ണത്തുമലവാരത്താണത്, താഴത്തേല്‍ മാത്യു സെബാസ്റ്റ്യന്റെ ജാതികൃഷി പരീക്ഷണശാല. ജാതിയും കവുങ്ങും കുരുമുളകുമെല്ലാമുള്ള 12 ഏക്കര്‍. കവുങ്ങില്‍ മോഹിത്‌നഗര്‍ 4,000 മരങ്ങള്‍, കുരുമുളകില്‍ ശ്രീകരയും ശുഭകരയും പഞ്ചമിയുമാണ് മുഖ്യം. എണ്ണത്തില്‍ രണ്ടാംസ്ഥാനം ജാതിക്കാണെങ്കില്‍ ആദായത്തില്‍ മേല്‍ക്കോയ്മയുണ്ട് ആയിരത്തിലേറെ വരും മരങ്ങള്‍. 22 ഇനങ്ങള്‍, കേരളത്തിനുപുറമേ കര്‍ണാടക, തമിഴ്‌നാട്, ആന്ധ്ര എന്നീവിടങ്ങളില്‍നിന്ന് മികച്ച ഇനങ്ങള്‍ തിരഞ്ഞെടുത്താണ് കൃഷിയിറക്കിയത്. ഏറ്റവും നല്ലത് കണ്ടെത്താനുള്ള ശ്രമങ്ങളുടെ ആദ്യപടി. 1999ലാണ് കൃഷിത്തുടക്കം. ഇവിടം ജാതിത്തോട്ടമായി. ജാതിക്ക് കിലോഗ്രാമിന് 80 രൂപയുള്ളപ്പോഴാണ് കൃഷിക്കിറങ്ങിയത്.

വളര്‍ച്ചക്കൂടുതല്‍കാട്ടി ഏതാനും ജാതിത്തൈകള്‍ ശ്രദ്ധകവര്‍ന്നു. അവ നാലാംവര്‍ഷംമുതല്‍ കായ്ക്കാന്‍ തുടങ്ങി. ആണ്ട് പിന്നിടുന്തോറും കായ്കളുടെ എണ്ണംകൂട്ടി അദ്ഭുതം കാട്ടി. പിന്നെ അവയ്ക്ക് പ്രത്യേക പരിചരണമായി. ഇവയുടെ കമ്പെടുത്ത് മറ്റ് മരങ്ങളില്‍ ഒട്ടിച്ചു. അങ്ങനെ അവിടം മേല്‍ത്തരക്കാരുടെ വിളനിലമായി. 'കേരളശ്രീ' പിറന്നു.

പത്താംവര്‍ഷം ഒറ്റമരത്തില്‍നിന്നുള്ള ആദായം പതിനായിരം കവിഞ്ഞു. ഇക്കാര്യം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രത്തിലെ ശാസ്ത്രജ്ഞരുടെ കാതിലുമെത്തി. വന്ന് കണ്ടവര്‍ കീഴടങ്ങി. ശാസ്ത്രീയ കൃഷിരീതികളുടെ അല്ലറചില്ലറ ചിട്ടവട്ടങ്ങള്‍ നിര്‍ദേശിച്ചു. കായ്പിടിത്തം കുറഞ്ഞ ഇനങ്ങളെ വെട്ടി നീക്കാന്‍ കല്പിച്ചു. പരാഗണം സുഗമമാക്കാന്‍ ഏതാനും ആണ്‍മരങ്ങള്‍ നട്ടു. കായയെ പൂര്‍ണമായും പൊതിഞ്ഞ പത്രി, ഉണക്കുഭാരം കൂടുതല്‍, മരത്തില്‍ കായ്കളുടെ എണ്ണക്കൂടുതല്‍, രോഗകീടബാധകള്‍ കുറവ്... കേരളശ്രീയുടെ പെരുമകള്‍ പലതാണ്.

കര്‍ഷകപങ്കാളിത്ത ഗവേഷണ പദ്ധതിപ്രകാരം കോഴിക്കോട്ടെ ഭാരതീയ സുഗന്ധവിള ഗവേഷണകേന്ദ്രം (ഐ.എസ്.എസ്. ആര്‍.) വികസിപ്പിച്ചെടുത്ത ജാതി ഇനമാണ് കേരളശ്രീ. 2013 നവംബറില്‍ നടന്ന ദേശീയ സെമിനാറിലാണ് കേരളശ്രീക്ക് ഈ ഭാഗ്യമൊരുങ്ങിയത്. കൃഷിയിടത്തിലെയും പരീക്ഷണശാലയിലെയും നിരീക്ഷണങ്ങള്‍ക്കൊടുവിലാണ് വാണിജ്യകൃഷിക്ക് അത്യുത്തമമെന്ന് തെളിഞ്ഞത്. ഇനി ഐ.ഐ.എസ്.ആറിന്റെ മേല്‍നോട്ടത്തിലാണ് ഇവയുടെ തൈ ഉത്പാദിപ്പിക്കുക.

10 വര്‍ഷം പിന്നിട്ട് നാലരഅഞ്ച് മീറ്റര്‍ പൊക്കമുള്ള മരത്തില്‍ 2,000ത്തിലേറെ കായ്കള്‍ വിളഞ്ഞാണ് കേരളശ്രീ മിടുക്കുകാട്ടിയത്. 21 കിലോഗ്രാമായിരുന്നു തൊണ്ടോടുകൂടിയ ജാതിക്കയുടെ അളവ്. ജാതിപത്രിയാണെങ്കില്‍ 4.2 കിലോഗ്രാം. ഹെക്ടറൊന്നിന് 360 മരങ്ങള്‍ നടാം. 10 വര്‍ഷം പിന്നിട്ടാല്‍ അവിടെ ഏഴരടണ്‍ ജാതിക്കയും ഒന്നര ടണ്‍ ജാതിപത്രിയും വിളയും.

മലപ്പുറത്തെ മേലാറ്റൂരിലാണ് മാത്യുവിന്റെ താമസം. വീടിനടുത്താണ് ജാതിത്തൈകള്‍ വാണിജ്യാടിസ്ഥാനത്തില്‍ ഉത്പാദിപ്പിക്കാനുള്ള പോളിഹൗസ് നഴ്‌സറിയൊരുക്കിയത്. 6,000 ചതുരശ്ര അടിയാണ് പോളിഹൗസിന്റെ വിസ്തീര്‍ണം. 10,000 തൈകളാണ് ഇത്തവണ ഉത്പാദിപ്പിക്കുന്നത്.

കോട്ടയം കുറവിലങ്ങാട്ടുനിന്ന് നാലുപതിറ്റാണ്ടുമുമ്പ് കരുവാരക്കുണ്ടിലെത്തിയതാണ് മാത്യുവിന്റെ കുടുംബം. കരുവാരക്കുണ്ട് പഞ്ചായത്തിലെ മികച്ച കര്‍ഷകന്‍. 2012ലെ മികച്ച കര്‍ഷകനുള്ള കര്‍ഷക തിലകമടക്കം ഒരുപിടി അവാര്‍ഡുകള്‍ കിട്ടി.
(മാത്യു സെബാസ്റ്റ്യന്‍ഫോണ്‍: 9447178151, 8553418025)